Friday 4 October 2013

സെക്സ്‌ എക്കണോമിക്ക്‌ ഒരു കവിതാപാഠം



സെക്സ്‌ എക്കണോമിയിലെ ദാരിദ്ര്യരേഖ
സദാചാരനിരക്കിനൊ
പ്പം ഉയർന്നു.
ദർശനരതി,വചനരതി,
നുള്ള്‌,തോണ്ടൽ,പിടിക്കൽ
എന്നിവകൊണ്ടൊന്നും താഴാത്ത രേഖയെ
ധാർമ്മികരതി,സദാചാരരതി,
ബോധവൽക്കരണരതി,കൗൺസൽ രതി എന്നീ
ഉത്തേജക പാക്കേജുകൊണ്ടൊന്നും താഴ്ത്താനായില്ല.

മദ്യപാനരതി,മരുന്ന്‌രതി,ഗുണ്ടാരതി,ആത്മഹത്യാരതി എന്നിവയൊക്കെ കടന്ന്
ബലാൽസംഗരതി,പീഢനരതി,
ശവരതി,ശിശുരതി,കൂട്ടരതി എന്നിങ്ങനെ
പട്ടിണി ഭീകരവാദരൂപം പൂണ്ടു.
ഭരണകൂടം ഭീകരവേട്ടരതിക്കിറങ്ങി.
വാർത്താരതി,ആഘോഷരതിയായി.

ബദലുകളും പരീക്ഷണങ്ങളുമായി
പലസംഘങ്ങൾ നാടു ചുറ്റി ഭാഗ്യം നോക്കി
ഭാവി ഭദ്രമാക്കി.

ആദർശരതിയും പ്രസംഗരതിയും
ഒന്നിച്ചു പരീക്ഷിച്ചു.
വർഗരതി,വർഗീയരതി,കുടുംബരതി,
മതരതി, മതേതരരതി,
ജീവകാരുണ്യരതി,സേവനരതി,
വേദപാഠരതി,യോഗരതി,ധ്യാനരതി
അങ്ങനെ പലതും പിന്നെ.
എന്നിട്ടും
മൂല്യരതിയും ഉത്കണ്ഠരതിയും
കുത്തനെ ഉയർന്നു.
ആത്മരതി നിലവിട്ടുപൊങ്ങി.

ലൈംഗികതയ്ക്ക്‌ സബ്സിഡിയോ താങ്ങുവിലയോ കൊടുക്കരുതെന്ന്
സദാചാരക്കമ്മിറ്റി.
ലൈംഗികത്തൊഴിലാളിയ്ക്ക്‌
യൂണിയനും മാന്യതയും വേണ്ട.
അതൊക്കെ അരാജകരതി വരുത്തുമെന്നും
പകരം വിദേശരതിക്ക്‌ തുറന്നുകൊടുക്കണമെന്നും കമ്മിറ്റി.
വികസനരതിയും സദാചാരരതിയും ലയനം
പ്രഖ്യാപിച്ചു.
എന്നിട്ടൊന്നും ഡിമാന്റും സപ്ലൈയും
ഒരു യുക്തിക്കും വഴങ്ങിയില്ല.
വൈകൃതരതി പകർച്ചവ്യാധിയായി
എലാറ്റിന്റെ മേലും തിമർത്തു പെയ്തു.
വധശിക്ഷാ,അട്ടഹാസ,ആക്രോശ,കയ്യേറ്റ,രോഷ,
സഹതാപരതികൾ വാശിരതിയോടെ രംഗം കയ്യടക്കി.

ദോഷൈദൃക്‌രതിയും അതിഭാഷണരതിയും
വെവ്വേറെ പഠന റിപ്പോർട്ടടിച്ചിറക്കി.
സെക്സ്‌ എക്കണോമിയിലെ പട്ടിണി
വളർച്ചാസൂചികാരതിയെ തകർത്തു മുന്നേറി.
വിലക്കയറ്റവും വിളവിലയിടിവും പോലെ
ഇതും പ്രകൃതി നിയമമായി.