Monday 6 January 2014

ഗോപ്യം


  [ഇത് ഒരു മാതൃകാപൊട്ടക്കവിതയാകാം.ക്ഷമിക്കുക]               

കലുഷമിക്കാളരാത്രിതൻ നീളും നാളുകളെത്ര നാളെ-
ങ്ങോട്ടിങ്ങനെ മുടിയഴിച്ചാടിത്തിമർത്തും തീമഴപെയ്തും.
നലമടർന്നു ചിതറിക്കിടക്കുമിത്തെരുവുകളൊക്കെ
യൊന്നുകിൽ വിജന,മല്ലെങ്കിലാളും തീജ്വാലയുംതിളങ്ങും
വാളുമൊന്നായ്പ്പിണയും സർപ്പരതി,യതുമല്ലെങ്കിലുച്ച-
ച്ചൂടിൽ പിളർന്നു ചിതറിയൊടുങ്ങുമൊരു ഗർഭരോദനം.

അവതാരങ്ങളൊക്കെപ്പോയ്മറഞ്ഞ മഹാമൌനമുറങ്ങുന്ന
ഗല്ലികളിൽ വെറും പ്രണയിനി നിനക്കെന്തിനിത്ര മൌനം?
ഇത്തെരുവോരങ്ങളിലൊക്കെയലയും നിന്മിഴിനിഴലു-
കൾക്കുപിമ്പെ മുടന്തിയുമിഴഞ്ഞുമെന്നശാന്ത മിഴികൾ.

നീയെനിക്കൊരോണത്തിനൊരുക്കാപൂക്കള,മല്ലെങ്കിലൊരു-
നാളും പുണരാതങ്ങകന്നു മാറുമൊരോമലൃതുറാണി..
നീ നടന്നകലുന്ന പാദസരക്കിലുക്കവുമിത്തെരു-
വിന്നൊരു പ്രേതക്കിലുക്ക,മത്രമേലുണ്ണുവതു ഭയം.

നടന്നകന്നുപോം നനുത്ത നിൻപാദങ്ങളും മഞ്ഞുപെയ്യും
മിഴികളുമൊക്കെത്തിരികെ വരുമെന്നു,മുള്ളിലൊതുങ്ങി-
ച്ചടഞ്ഞൊടുങ്ങാതെ നിൻ രാഗമിത്തെരുവോരങ്ങളൊക്കെത്ത-
ഴുകുമെന്നുമിപ്പോഴുമിവിടുള്ളിൽ കെടാത്തൊരുനെയ്ത്തിരി.
അതുമല്ലെങ്കിൽത്തിളങ്ങും നിന്മൂക്കുത്തിയെങ്കിലുമിരുൾമൂ-
ടിക്കനക്കുമിങ്ങെങ്ങാനുമിട്ടേച്ചെങ്കിലും നീ പോയ്കിലെന്നും.

അരൂപിയാം മൌനമുരഞ്ഞു നിസ്സംഗത വരിഞ്ഞുമുറുക്കി
യിട്ടുമൊരു പെൺകുഞ്ഞിനായ് പ്രാർത്ഥിച്ചുകേഴുമാർദ്രം നനുത്ത
നിൻ തേങ്ങലേതോ വിണ്ടടർന്നുനിൽക്കും ചുമരിൽ ചെവിയോർത്തു
കേൾക്കും തെരുവിതു, പ്രിയം നിന്മാറിൽ തലചായ്ക്കാൻ കൊതിപ്പൂ.

ഒടുവിലിത്തെരുവിൻ ഹൃത്തായ്മാറിഞാ,നെത്രനാളിങ്ങനെ
നിൻഹ്ര്ത്തകമെന്നിൽനിന്നൊളിച്ചു വെയ്ക്കുമോമനേ.
ഒരു മൂളിപ്പാട്ടായ് നിൻപിറകെയിനിയുമേറെപ്പതുങ്ങി
നടപ്പാൻ കൊതിയുണ്ടെങ്കിലുമതിനാവതില്ലിപ്പോൾ പ്രിയേ.

മൌനം കനത്തു കരിവാളിച്ചതാം ചുണ്ടിണകളിൽ,നിന്റെ
രാഗഹൃത്തിനെയെത്രകാലമൊളിപ്പിച്ചുവെക്കു,മത്രകാ-
ലമെല്ലാരുമെല്ലാമൊളിപ്പിച്ചു വെക്കുമൊരുതെരുവായി-
ബ്ഭൂമി,യതിൽ പറക്കാതരിപ്രാവുകളിങ്ങനെ നിശ്ചലം.

[എ കെ എ റഹ്മാൻ കൊടുങ്ങല്ലൂരിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ദേശീയോദ്ഗ്രഥനം’ മാസികയുടെ 2003 ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്,/വാല്യം10,ലക്കം 6]