Monday 4 August 2014

തുടക്കം

(താനൂർ സഞ്ചാരഗ്രന്ഥാലയം പ്രസിദ്ധീകരിച്ചിരുന്ന 'വെട്ടം' മാസികയിൽ (2003 നവംബർ 25) പ്രസിദ്ധീകരിച്ച എന്റെ ഒരു പൊട്ടക്കവിത-)
.........................................

തുടക്കം

മാളത്തിനു പുറത്തേക്കു
തലയിടുന്ന കൗതുകം പോലെ.
അല്ലെങ്കിലുടൻ തന്നെ
മാളത്തിലേക്കുൾ വലിയുന്ന ഭയം പോലെ.
പ്രണയവും കവിതയും
തുടക്കത്തിലങ്ങനെയാണ്.

എരിപൊരിസഞ്ചാരത്തിന്റെ മാളത്തിൽ
ചുരുണ്ടും നിവർന്നും
വാലിലൂടത് ഉച്ഛ്വാസത്തെ
ഉള്ളിലേക്കുതന്നെയൂതുന്നു.

കാറ്റേറ്റൊന്നു തണുത്തലിയാൻ
കൊതിക്കുന്നൊരു വിയർപ്പുതുള്ളിപോലെ
പ്രണയമോ കവിതയോ
ഒടുവിലൊരു തുള്ളിയെങ്കിലും
പൊടിഞ്ഞെങ്കിലായി.

എങ്കിലും,

പങ്കെടുക്കുമൊരാദ്യസമരത്തിനുതന്നെ
യൗവനത്തിനു കിട്ടുന്ന ജയിൽ വാസം
അതൊന്നു വേറെത്തന്നെയാണ്.

Sunday 20 July 2014

അരാജകനായ പന്ത് തീപിടിക്കുന്ന പന്ത്


.................

കാമക്രോധലോഭമോഹമയമാണ് ഫുട്ബോൾ.
സത്യം ശിവം സുന്ദരവുമാണ്.
കാമനകൾക്കൊപ്പം ഭൂമിയിൽ പരക്കുകയും വായുവിൽ പറക്കുകയും ചെയ്യുന്ന കാല്പന്ത്.
ഫുട്ബോൾ തന്ത്രങ്ങളുടെ കളിമാത്രമല്ല.
'തന്ത്ര'യുമാണ്.ചിലപ്പോൾ തനി താന്ത്രികമതം.
ആഭിചാരങ്ങളുടെയും മന്ത്രതന്ത്രങ്ങളുടെയും അഥർവ്വം.

പന്തുരുളുന്ന വഴികളും പറക്കുന്ന വഴികളും വരക്കുന്ന അദൃശ്യരേഖകൾ.
അതങ്ങനെ തന്നെ അവിടുണ്ട്.മായാതെ എന്നാൽ കാണാതെ.
അവ തിർക്കുന്ന 'വല'കൾക്കുള്ളിലാണിപ്പോൾ ജീവിതം തിളച്ചു മറിയുന്നത്.
പണത്തിനും 'പവറി'നും മേലേ പറക്കുന്ന പന്തിനെ പിടിക്കാൻ രണ്ടിന്റെയും പരക്കം പാച്ചിൽ.
വിപ്ലവങ്ങൾ അതിനൊത്ത് താളം ചവിട്ടാൻ വെമ്പുന്നു.
അപ്പോഴും പന്ത് പിടികിട്ടാത്ത,പിടിയിലൊതുങ്ങാത്ത,
വഴുതിമാറുന്ന നിഗൂഢതകൾ ഉരുട്ടിയെടുത്ത ഒരുരുള.

ഒരഭ്യാസിക്കതിനെ തലയിൽ,വിരൽതുമ്പിൽ ഉരുളാതെ അനങ്ങാതെ നിർത്താം.
പക്ഷെ പകരം അഭ്യാസി ഉരുളുന്നു.
തന്റെ ചലനങ്ങൾ ഉരുട്ടിയാണ് അയാളൊരു പന്തിനെ ഉരുളാനനുവദിക്കതെ നിർത്തുന്നത്.
അയാളുടെ മനസും പന്തും ഇത്തിരിനേരം ധ്യാനത്തിൽ.

പന്തുരുണ്ടില്ലെങ്കിൽ ഭൂമി ഭ്രമണപഥത്തിൽ നിന്ന് തെന്നി ഉരുണ്ടുപോകില്ലെന്നാരു കണ്ടു!

ഗോൾ വേലി ചാടുന്ന വൾഗാരിറ്റിയല്ല.
വേലിപൊളിക്കുന്ന ജെന്യൂനിറ്റിയാണ്.
പന്ത് ഗോൾ പോസ്റ്റിലേക്ക് തുളഞ്ഞു കയറുമ്പോൾ
അറുപത്തിനാല് കാമകലകളും താണ്ടി തീർക്കുന്നൊരു സുരതഭംഗിയാണത്.
വിജയങ്ങളെയൊക്കെ അതിജയിക്കുന്ന മൂർച്ഛ.

പന്തിന്റെ ലഹരിയിൽ കാമുകിമാരെ അളവറ്റ് പ്രണയിക്കുന്ന കളിക്കാരും കാണികളും.
ഗാലറിയിലെ കാമിനിമാരെ കണ്ട് മത്ത് പിടിച്ചോടി നടക്കുന്ന പന്ത്.
പന്ത് പ്രണയമാണ്.
കളി, പ്രണയത്തിനായി അശ്രാന്തം അശാന്തം നടത്തുന്നൊരവസാനമില്ലാത്ത ഓട്ടമാണ്.

അതിനിടയിലെന്തൊക്കെ തീയാണൊരു കാൽപന്തിൽ കത്തിപ്പിടിക്കുന്നത്!

രാഷ്ട്രീയം:
ഭരണകൂടപരമാധികാരം കോർപ്പറേറ്റോക്രസിയിൽ ലയിക്കുന്ന വർത്തമാന പ്രക്രിയയിൽ മർദ്ദനത്തിന്റെയും പ്രതിരോധത്തിന്റെയും രണ്ട് ഗോൾപോസ്റ്റുകൾക്കിടയിൽ പന്ത് വലിഞ്ഞുമുറുകുകയാണ്.

Friday 21 February 2014

സന്ദേഹ കാവ്യം


(മഞ്ചേരിയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്നസഹൃദയമാസികയുടെ മെയ് 2008 ലക്കത്തിൽ അടിച്ചു വന്ന എന്റെ മറ്റൊരു പൊട്ടക്കവിത)



കാവ്യത്തിന്റെ പാത്രത്തിലിട്ട്
വേവിച്ചൊരു എഴുത്ത് കയ്യിൽ കിട്ടി.
(ഇന്നങ്ങാടിയിൽ കിട്ടുന്നതിലേതാ
മൂത്ത് പഴുത്തത്? ഏതാ ഞെക്കിപ്പഴുപ്പിച്ചത്? അറിയില്ലല്ലോ)
വെന്തോ? വെന്തില്ലേ;
ചൂടോടെ കുടിക്കാൻ തുടങ്ങി.
കുടിച്ചു തീരുന്നതിനൊപ്പം
അതിന്റെ ചൂടും തണിഞ്ഞു.
അവസാനം ഗ്ലാസിന്നടിയിലെ
ഇത്തിരി തണുത്ത ചായബാക്കി പോലെ
അതുപേക്ഷിച്ചു.

ഒരു പക്ഷെ കുടിക്കാതെ തൂവിക്കളയുന്ന
ബാക്കിയിലാവാം കവിത.
വായിച്ചതിലെവിടെയാണു കവിത?
വായിക്കാത്തതിലാവാം കവിത.
എഴുത്തിലെവിടെയാണു കവിത?
എഴുതാത്തതിലാവാം കവിത.

Monday 6 January 2014

ഗോപ്യം


  [ഇത് ഒരു മാതൃകാപൊട്ടക്കവിതയാകാം.ക്ഷമിക്കുക]               

കലുഷമിക്കാളരാത്രിതൻ നീളും നാളുകളെത്ര നാളെ-
ങ്ങോട്ടിങ്ങനെ മുടിയഴിച്ചാടിത്തിമർത്തും തീമഴപെയ്തും.
നലമടർന്നു ചിതറിക്കിടക്കുമിത്തെരുവുകളൊക്കെ
യൊന്നുകിൽ വിജന,മല്ലെങ്കിലാളും തീജ്വാലയുംതിളങ്ങും
വാളുമൊന്നായ്പ്പിണയും സർപ്പരതി,യതുമല്ലെങ്കിലുച്ച-
ച്ചൂടിൽ പിളർന്നു ചിതറിയൊടുങ്ങുമൊരു ഗർഭരോദനം.

അവതാരങ്ങളൊക്കെപ്പോയ്മറഞ്ഞ മഹാമൌനമുറങ്ങുന്ന
ഗല്ലികളിൽ വെറും പ്രണയിനി നിനക്കെന്തിനിത്ര മൌനം?
ഇത്തെരുവോരങ്ങളിലൊക്കെയലയും നിന്മിഴിനിഴലു-
കൾക്കുപിമ്പെ മുടന്തിയുമിഴഞ്ഞുമെന്നശാന്ത മിഴികൾ.

നീയെനിക്കൊരോണത്തിനൊരുക്കാപൂക്കള,മല്ലെങ്കിലൊരു-
നാളും പുണരാതങ്ങകന്നു മാറുമൊരോമലൃതുറാണി..
നീ നടന്നകലുന്ന പാദസരക്കിലുക്കവുമിത്തെരു-
വിന്നൊരു പ്രേതക്കിലുക്ക,മത്രമേലുണ്ണുവതു ഭയം.

നടന്നകന്നുപോം നനുത്ത നിൻപാദങ്ങളും മഞ്ഞുപെയ്യും
മിഴികളുമൊക്കെത്തിരികെ വരുമെന്നു,മുള്ളിലൊതുങ്ങി-
ച്ചടഞ്ഞൊടുങ്ങാതെ നിൻ രാഗമിത്തെരുവോരങ്ങളൊക്കെത്ത-
ഴുകുമെന്നുമിപ്പോഴുമിവിടുള്ളിൽ കെടാത്തൊരുനെയ്ത്തിരി.
അതുമല്ലെങ്കിൽത്തിളങ്ങും നിന്മൂക്കുത്തിയെങ്കിലുമിരുൾമൂ-
ടിക്കനക്കുമിങ്ങെങ്ങാനുമിട്ടേച്ചെങ്കിലും നീ പോയ്കിലെന്നും.

അരൂപിയാം മൌനമുരഞ്ഞു നിസ്സംഗത വരിഞ്ഞുമുറുക്കി
യിട്ടുമൊരു പെൺകുഞ്ഞിനായ് പ്രാർത്ഥിച്ചുകേഴുമാർദ്രം നനുത്ത
നിൻ തേങ്ങലേതോ വിണ്ടടർന്നുനിൽക്കും ചുമരിൽ ചെവിയോർത്തു
കേൾക്കും തെരുവിതു, പ്രിയം നിന്മാറിൽ തലചായ്ക്കാൻ കൊതിപ്പൂ.

ഒടുവിലിത്തെരുവിൻ ഹൃത്തായ്മാറിഞാ,നെത്രനാളിങ്ങനെ
നിൻഹ്ര്ത്തകമെന്നിൽനിന്നൊളിച്ചു വെയ്ക്കുമോമനേ.
ഒരു മൂളിപ്പാട്ടായ് നിൻപിറകെയിനിയുമേറെപ്പതുങ്ങി
നടപ്പാൻ കൊതിയുണ്ടെങ്കിലുമതിനാവതില്ലിപ്പോൾ പ്രിയേ.

മൌനം കനത്തു കരിവാളിച്ചതാം ചുണ്ടിണകളിൽ,നിന്റെ
രാഗഹൃത്തിനെയെത്രകാലമൊളിപ്പിച്ചുവെക്കു,മത്രകാ-
ലമെല്ലാരുമെല്ലാമൊളിപ്പിച്ചു വെക്കുമൊരുതെരുവായി-
ബ്ഭൂമി,യതിൽ പറക്കാതരിപ്രാവുകളിങ്ങനെ നിശ്ചലം.

[എ കെ എ റഹ്മാൻ കൊടുങ്ങല്ലൂരിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ദേശീയോദ്ഗ്രഥനം’ മാസികയുടെ 2003 ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്,/വാല്യം10,ലക്കം 6]