Wednesday 13 May 2015

ഉടലില്ലാത്ത ചിറകുകൾ


തബലയും ഹാർമ്മോണിയവും രണ്ടു ചിറകുകളായി.
എന്റെ ആത്മാവ്‌ ശബ്ദമില്ലാത്ത ഗായകനായി.
കരോക്കെയിൽ ഗായകനുവേണ്ടി ഒഴിച്ചിട്ട ശൂന്യതപോലെ 
ആത്മാവ്‌ താളനിബദ്ധതയിൽ മുറുകി.
ഗായകർ മനോഹരമായ വാക്കുകൾക്ക്‌ കൊണ്ട്‌ എന്നെ ഞെരുക്കിയപ്പോൾ
കത്തുന്ന എണ്ണയുടെ ഗന്ധത്തിൽ
ഞാൻ അവരുടെ ശ്വാസവും ഉച്ഛ്വാസവുമായി .
മുല്ലപ്പൂവിന്റെ ഗന്ധം പരന്നപ്പോൾ
അങ്ങിങ്ങു മുഖം കാണിച്ചു നിന്ന സുന്ദരികളൊക്കെ
എന്റെ സങ്കൽപ കാമുകിമാരായി.
കാലിൽ ചിലങ്കയണിഞ്ഞ്‌ അവരൊക്കെ
ദർഗ്ഗാശരീഫിന്റെ മിനാരങ്ങളിലും ഖുബ്ബകളിലും
നൃത്തം വയ്ക്കാൻ തുടങ്ങി.
കടും പച്ചയുടെ പശ്ചാത്തലത്തിൽ കത്തുന്ന
നിലവിളക്കിന്റെ പ്രകാശഭംഗിയായിരുന്നു അവർക്കപ്പോൾ.
ഞാൻ ഭാരക്കുറവിന്റെ ചിറകിൽ അവരോടൊപ്പം
നൃത്തമാടി.
ഞങ്ങളുടെ രാസലീലയിൽ പങ്കു കൊള്ളാൻ
ആത്മാക്കളെ മുഴുവൻ ഞങ്ങൾ ക്ഷണിച്ചു.
ഞാൻ എന്റെ ശരീരത്തെ നോക്കി .
അവൻ ഇരിപ്പിടത്തിൽ മെഹഫിലിലേക്ക്‌ കണ്ണും നട്ടിരിക്കയായിരുന്നു..
മുല്ലപ്പൂമണമുള്ള ഖവാലിയിൽ ഞങ്ങൾ വിയർത്തു.
ഞങ്ങളുടെ വിയർപ്പിന്‌ മുല്ലപ്പൂ മദഗന്ധമായിരുന്നു;
നിലവിളക്കിലെ എണ്ണയുടെ വഴു വഴുപ്പുണ്ടായിരുന്നു.
ദർഗ്ഗാശരീഫിലെ പുണ്യാത്മാക്കൾ എഴുന്നേറ്റ്‌ വന്ന്
ഞങ്ങളുടെ ശിരസ്സിൽ കൈവെച്ചനുഗ്രഹിച്ചു.
ഞങ്ങളുടെ രാസലീല കണ്ടാസ്വദിച്ച്‌ ഹുക്ക വലിച്ച്‌
മിനാരങ്ങളുടെ കൂർത്തയറ്റങ്ങളിൽ
അവർ ഉപവിഷ്ടരായി.
കാറ്റിന്റെ ഒരു വിടവിൽ മുല്ലപ്പൂഗന്ധം ഇത്തിരി നിലച്ചപ്പോൾ
ഞാനെന്റെ ശരീരത്തെ നോക്കി.
അവൻ ക്ഷീണിതനാണ്‌.
കാമിനിമാരെ ഓരോരുത്തരെയായി ഉമ്മവെച്ച്‌
മറ്റ്‌ കാമുകന്മാർക്കായവരെ വിട്ടു കൊടുത്ത്‌
ഞാൻ എന്റെ ഭാരത്തെ വീണ്ടും എടുത്തണിഞ്ഞു.
മുല്ലാപ്പൂ വിൽക്കുന്ന പെണ്ണുങ്ങളൊക്കെ
എന്റെ കാമുകിമാരായതിന്റെ പൊരുൾ എനിക്കിന്നാണ്‌ മനസ്സിലായത്‌.
അവരടുത്ത്‌ വരുമ്പോഴൊക്കെ മുല്ലപ്പൂഗന്ധം കൊണ്ടവർ
ആലിംഗനം ചെയ്ത്‌ ചെയ്തെന്നെ എന്നോ വശത്താക്കിയിരുന്നല്ലോ.
അവരുടെ കറുപ്പും വിയർപ്പും എന്റെ ശ്വാസകോശങ്ങളിലൂടെ പടർന്ന്
രക്തത്തിലെന്നോ അലിഞ്ഞു ചേർന്നതാണല്ലോ.
വെളിപാടുകൾ വരുന്നതിങ്ങനെയൊക്കെത്തന്നെയായിരിക്കും.
വെളിപ്പെടുന്ന നേരം തേടി നാം അവിടെയെത്തും.
കത്തുന്ന എണ്ണയുടെ മണത്തോടൊപ്പം
മുല്ലപ്പൂവിനെ ആഞ്ഞ്‌ വലിക്കൂ..
നിങ്ങളുടെ മുഴുവൻ കാമിനിമാരും
നിങ്ങളുടെ സിരകളിൽ തിളച്ചു പൊങ്ങും;
ദിവ്യാനുഭൂതിയുടെ ഒരായിരം ഖവ്വാലികൾ പെയ്തിറങ്ങും.
അപ്പോൾ നിങ്ങളറിയും തടവറകളിൽ കിടക്കുന്നവരൊക്കെ സ്വതന്ത്രരാണെന്ന്.

No comments:

Post a Comment